Thursday, May 28, 2020

എന്താണ് മനഃശക്തി?

ഇന്ന് ഭൂമിയില് 600 കോടിയില്പരം ആളുകള് അധിവസിക്കുന്നു. അവരില് ചിലര് സമ്പത്തിന്റെ പരകോടിയില് സുഖലോലുപമായ ജീവിതം നയിക്കുന്നു. മറ്റു ചിലര് ദാരിദ്ര്യത്തിന്റെ പടുകുഴിയില് കിടന്നു നരകിക്കുന്നു. ഇനി ചിലര് പ്രശസ്തിയുടെ നെറുകയിലെത്തി ലോകത്തിന്റെ മുഴുവന് ആദരവു പിടിച്ചു പറ്റുന്നു. മറ്റു ചിലരാകട്ടെ, ഹീനമായ കുറ്റകൃത്യങ്ങളിലേര്പ്പെട്ട് ലോകജനതയുടെ ആകെമാനം വെറുപ്പു പിടിച്ചുപറ്റുന്നു. വലിയ ബിസിനസ് സംരംഭങ്ങളുടെ ഉടമകളാണ് ഇനിയൊരു കൂട്ടര്. അവരെക്കാള് സാമര്ഥ്യമുണ്ടായിട്ടും ചിലര് ഈ സംരംഭങ്ങളില് തുച്ഛമായ വേതനത്തിന് പണിയെടുക്കുന്നു. എന്തുകൊണ്ട്?

ഈ ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. നേട്ടങ്ങളുണ്ടാക്കിയവരും വിജയം കൊയ്തവരും സമ്പന്നരായവരുമൊക്കെ അവരുടെ മനസിന്റെ ശക്തി അതിന്റെ പരമാവധി തീവ്രതയില്, തങ്ങള്ക്കനുഗുണമായ വിധത്തില് ഉപയോഗപ്പെടുത്തി. പരാജയപ്പെട്ടവരാകട്ടെ, തങ്ങളുടെ മനഃശക്തി ഉപയോഗിക്കാതിരുന്നവരാണ്. 
മനഃശക്തിയെക്കുറിച്ച് ഗൗരവമായ പഠനമനനങ്ങള് നടത്തിയ ഡോ. ജോസഫ് മര്ഫി പറയുന്നത് ഉപബോധമനസിന്റെ ഒളിഞ്ഞിരിക്കുന്ന ശക്തിയുമായി ബന്ധപ്പെടാനും തുറന്നുവിടാനും പഠിക്കുന്നതിലൂടെ കൂടുതല് ശക്തിയും സമ്പത്തും ആരോഗ്യവും സന്തോഷവും നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടു വരാനാവും എന്നാണ്. ജീവിതത്തിന്റെ നിയമം വിശ്വാസത്തിന്റെ നിയമമാണ്. വിശ്വാസം എന്നത് ഒരു വസ്തുവിനെക്കുറിച്ചോ വസ്തുതയെക്കുറിച്ചോ മനസില് രൂപപ്പെടുന്ന അനുകൂലചിന്തയാണ്. അതിനര്ത്ഥം ചിന്തയാണ് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതെന്നാണ്.

നമുക്കറിയാം, കാന്തികശക്തിയുള്ള ഒരു ഇരുമ്പു കഷണത്തിന് അതിന്റെ പന്ത്രണ്ടിരട്ടി ഭാരമുയര്ത്താന് കഴിയും. എന്നാല് ആ കാന്തികശക്തിയില്ലെങ്കിലോ, ഒരു തൂവല്പോലും ഉയര്ത്താനാവില്ല. ഡോ. മര്ഫിയുടെ അഭിപ്രായത്തില് കാന്തികശക്തിയുള്ള ചില മനുഷ്യരുണ്ട്. അവര്ക്ക് സ്വന്തം കഴിവില് വിശ്വാസമുണ്ട്. വലിയ കാര്യങ്ങള് നേടാനാവുമെന്ന് ആത്മവിശ്വാസവുമുണ്ട്. ജയിക്കാനായി ജനിച്ചവരാണവര്. പരിമിതമായ വിഭവസ്രോതസുകള് കൊണ്ടുപോലും അവര് വന് വിജയങ്ങള് കൊയ്തെടുക്കുന്നു. എന്നാല് കാന്തികശക്തിയില്ലാത്ത ഇരുമ്പുകഷണം പോലെയാണ് മറ്റു ചിലര്. അവര്ക്ക് ഒരിക്കലും ഒരു കാര്യത്തിലും വിജയിക്കാനാകുന്നില്ല. ഈ കാന്തികശക്തി മനസിന്റെ അഗാധതലങ്ങളില് നിന്നാണ് പുറത്തേക്ക് വരുന്നത്. ഉചിതമായ മാര്ഗങ്ങളിലൂടെ മനസിന്റെ കാന്തികശക്തി പുറത്തു കൊണ്ടു വരാന് മനഃശക്തി പരിശീലനം സഹായിക്കും.

ശൂന്യതയില് നിന്ന് അത്ഭുതങ്ങള്

മനുഷ്യമനസിന് അപാരമായ ശക്തിയുണ്ടെന്നു പറഞ്ഞല്ലോ? എന്താണതിന് ഒരു തെളിവ്?
ശൂന്യതയില് നിന്ന് തൂവാലയും പറവയും തീവണ്ടി എന്ജിനും സൃഷ്ടിക്കുന്ന മജീഷ്യന്മാരുണ്ട്. പക്ഷേ നമുക്കറിയാം, അവയൊക്കെയും നേരത്തെ അവിടെത്തന്നെ ഉണ്ടായിരുന്നവ തന്നെയാണ്. മജീഷ്യന് അവ ശൂന്യതയില് നിന്ന് സൃഷ്ടിക്കുകയാണെന്ന് നമുക്ക് തോന്നുക മാത്രമാണ്.
എന്നാല് നമുക്ക് മുന്നില് കാണുന്ന മനുഷ്യസൃഷ്ടമായ ഭൗതികവസ്തുക്കളെല്ലാം മനുഷ്യമനസിന്റെ ക്രിയാത്മകശക്തിയുടെ ഉദാഹരണങ്ങളാണ്. ഇത്തരമൊരു ശക്തി നമുക്കില്ലായിരുന്നെങ്കില് തീര്ച്ചയായും ഇതൊന്നും ഭൂമിയില് ഉണ്ടാകുമായിരുന്നില്ല. അംബരചുംബികളായ കെട്ടിടങ്ങളും നക്ഷത്രങ്ങള്ക്ക് അപ്പുറത്തെ ലോകം തേടുന്ന ആകാശയാനങ്ങളും അനന്തമായ ഊര്ജം വികിരണം ചെയ്യുന്ന ആണവനിലയങ്ങളും നാം അധിവസിക്കുന്ന ഭൂഗോളത്തിന്റെ വ്യാപ്തി ഒരു ചെറു ചിമിഴിലൊതുക്കിയ ഇന്റര്നെറ്റുമെല്ലാം മനുഷ്യസൃഷ്ടങ്ങളാണ്. ഓര്ക്കുക. യഥാര്ത്ഥത്തില് ഇവ പ്രതിഭാശാലികളായ മനുഷ്യരുടെ മനസില് നിന്നും രൂപംകൊണ്ടവയല്ലേ?

മനസിന്റെ ശക്തി ഉപയോഗപ്പെടുത്തിയില്ലെങ്കിലോ? സംശയിക്കേണ്ട. ക്രമേണ പൂര്ണമായും അവ നഷ്ടമാകും. ഉപയോഗിക്കുന്തോറും വര്ദ്ധിച്ചുവരുന്ന ഒന്നാണ് മനസിന്റെ ശക്തി എന്നാണ് ശാസ്ത്രലോകം പറയുന്നത്. 'ഉപയോഗിക്കുക, അല്ലെങ്കില് പൂര്ണമായി നഷ്ടപ്പെടുക' എന്ന നിബന്ധനയോടെയാണ് പ്രകൃതി നമുക്കു മനഃശക്തി നല്കിയിട്ടുള്ളതെന്ന് പണ്ഡിത ന്മാര് പറയുന്നു.

മനസിന്റെ വ്യായാമം

നമ്മുടെ ശരീരാവയവങ്ങള് ഉപയോഗിച്ചുകൊണ്ടിരുന്നില്ലെങ്കില് കാലക്രമേണ അതിന്റെ ശക്തി ക്ഷയിച്ചു വരുമെന്നു നമുക്കറിയാം. അല്ലെങ്കില്, നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ആ അവയവങ്ങള് ഉപയോഗിക്കത്തവിധം അത് സജ്ജമായിരിക്കില്ല. മനസിനെ സംബന്ധിച്ചിടത്തോളവും ഇതുതന്നെയാണ് സ്ഥിതി. ഉപയോഗിക്കുന്നില്ലെങ്കില് അതിന്റെ സഹജമായ ശക്തി നശിച്ചുകൊണ്ടേയിരിക്കും. ശരീരത്തിലെ അവയവങ്ങള് പ്രവര്ത്തനസജ്ജമായിരിക്കാന് പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയും വ്യായാമത്തിലേര്പ്പെടുകയും ചെയ്യുന്നു. ഓടുക, ചാടുക, നടക്കുക മുതലായവ പോലെ ക്ലിപ്തമായ രീതിയില് അനുഷ്ഠിക്കേണ്ട വ്യായാമമുറകളും ആസനമുറകളും ഉണ്ട്. ഇതുപോലെ മനസിനെ പ്രവര്ത്തനസജ്ജമാക്കി നിലനിര്ത്താനുള്ള പോഷകവസ്തുക്കളും വ്യായാമമുറകളുമുണ്ട്.

പോസിറ്റീവ് ചിന്തകള്, പോസിറ്റീവ് കാര്യങ്ങള് സംസാരിക്കുക, നല്ല ആശയങ്ങളുള്ള പുസ്തകങ്ങള് വായിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള് യഥാര്ത്ഥത്തില് മനസിന് പോഷകസമൃദ്ധമായ ഭക്ഷണം നല്കലാണ്. ഇത് ശരീരത്തിന്റെ കാര്യത്തിലെന്നപോലെ കൃത്യമായ ഇടവേളകളില് നല്കിക്കൊണ്ടിരിക്കണം. പ്രചോദനാത്മകമായ പുസ്തകങ്ങള് ദിവസം കുറഞ്ഞത് ഇരുപതു പേജുകളെങ്കിലും വായിക്കുന്നത് നല്ലതാണെന്ന് പറയുന്നുണ്ട്. അതുപോലെ നമ്മെ സദാ പ്രോത്സാഹിപ്പിക്കുന്നവരും പ്രചോദിപ്പിക്കുന്നവരുമായി സഹവസിക്കുന്നതും മാനസികാരോഗ്യത്തിന് നല്ലതാണ്. അങ്ങനെ നടക്കില്ല, അതു പറ്റില്ല, വെറുതേ ശ്രമിക്കേണ്ട എന്നിങ്ങനെ നിഷേധാത്മകമായി മാത്രം സംസാരിക്കുന്നവരോട് കൂട്ടുകൂടരുത്. സ്വതേയുള്ള നല്ല ഊര്ജം കൂടി നഷ്ടപ്പെട്ടേക്കും.

റിലാക്സേഷന്, മെഡിറ്റേഷന്, വിഷ്വലൈസേഷന് മുതലായവയൊക്കെ മനസിനുള്ള വ്യായാമങ്ങളാണ്. കൃത്യമായ ഇടവേളകളില് ഇവ ചെയ്യണം. ആവശ്യത്തിനുള്ള പോഷകാഹാരവും നിരന്തരമുള്ള വ്യായാമവും കൊണ്ടും മനസിനെ സദാസമയവും പ്രവര്ത്തനഭദ്രമാക്കി നിലനിര്ത്താന് നമുക്കു കഴിയും.

No comments: