Thursday, May 28, 2020

നല്ല വാക്ക്

“ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സിന്‍റെ സൃഷ്ടിയാണ് വിദ്യാഭ്യാസം-“അരിസ്റ്റോട്ടിൽ “...

“ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള വ്യത്യാസം തന്നെയാണു്‌ വിദ്യാഭാസം ഉള്ളവരും അതില്ലാത്തവരും  തമ്മിലുള്ളതു്‌ "- “അരിസ്റ്റോട്ടില്‍”

തത്ത്വചിന്തയില്‍ രാജാവും ലൗകിക കാര്യത്തില്‍ ദരിദ്രനുമായിരുന്നു അരിസ്റ്റോട്ടില്‍....

ലോകചരിത്രത്തിലെ ക്ലാസിക്കല്‍ സംസ്‌കാരമാണു ഗ്രീക്ക് സംസ്‌കാരം. അതു ലോകത്തിനു സമ്മാനിച്ച ദാര്‍ശനിക പ്രതിഭകളാണ് സോക്രട്ടീസ്, അരിസ്റ്റോട്ടില്‍, പ്ലാറ്റോ എന്നിവര്‍. ഗ്രീക്ക് ദാര്‍ശനികചക്രവാളത്തില്‍ പ്രഭ പരത്തിയ ഈ തത്വചിന്തകരും ജീവകാരുണ്യത്തിന് അവരുടെ തത്വശാസ്ത്രത്തില്‍ വലിയ സ്ഥാനം നല്‍കി.

സോക്രട്ടീസ് തെരുവീഥിയിലൂടെ നടക്കുമ്പോള്‍ ഒരു ദരിദ്രന്‍ അദ്ദേഹത്തിനു നേരേ കൈ നീട്ടി, ‘വല്ലതും തരണേ’യെന്നു യാചിച്ചു.
സോക്രട്ടീസ് കീശ തപ്പി നോക്കി. ഒരു നാണയത്തുട്ടുപോലുമില്ല. അദ്ദേഹം വിഷമത്തോടെ പറഞ്ഞു: ‘സുഹൃത്തേ, എന്റെ പക്കല്‍ ഇപ്പോള്‍ ഒന്നുമില്ലല്ലോ.’
ഇതു കേള്‍ക്കേണ്ട താമസം ആ പാവപ്പെട്ട യാചകന്‍ പറഞ്ഞു: ‘മതി മതി’ ഈ സഹായം ഞാന്‍ ഒരിക്കലും മറക്കില്ല.
സോക്രട്ടീസ് അത്ഭുതത്തോടെ ചോദിച്ചു, ‘ഞാന്‍ താങ്കള്‍ക്ക് ഒന്നും തന്നില്ലല്ലോ.’
നിറകണ്ണുകളോടെ ആ യാചകന്‍ പറഞ്ഞു: ‘ ഞാന്‍ സഹായം ചോദിക്കുമ്പോള്‍ എല്ലാവരും പുച്ഛത്തോടെ ആട്ടിയകറ്റുകയായിരുന്നു. എന്നാല്‍, ലോകം ആദരിക്കുന്ന ദാര്‍ശനികനായ അങ്ങ് എന്നെ സുഹൃത്തേ എന്നു വിളിച്ചല്ലോ. ഇന്നെനിക്കു കിട്ടിയ സഹായത്തില്‍ ഏറ്റവും വലുത് ആ നല്ല വാക്കാണ്.’
കൈയില്‍ പണമില്ലെങ്കിലും നല്ല വാക്കെങ്കിലും നല്‍കിയാല്‍ പാവപ്പെട്ടവന് ഒരു കൈതാങ്ങാണെന്ന വലിയ സന്ദേശമാണു സോക്രട്ടീസ് ഇതിലൂടെ ലോകത്തിനു പകര്‍ന്നു നല്‍കിയത്.

No comments: