മലപ്പുറം ജില്ലയിലെ ഏക അണക്കെട്ട് 'പൂങ്കാവനം ഡാം' ഇന്ന് അനാഥമാണ്. പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂരിൽ സ്ഥിതി ചെയ്യുന്ന പൂങ്കാവനം ഡാം അധികൃതരുടെ കാരുണ്യം കാത്ത് കിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
1968 ൽ സംസ്ഥാന ജല വിഭവ വകുപ്പിന്റെ 25 ഏക്കർ ഭൂമിയിൽ നിർമ്മാണം തുടങ്ങിയ ഈ ഡാം 1971ലാണ് ഉദ്ഘാടനം കഴിഞ്ഞത്. പരിസരത്തെ മുന്നൂറോളം ആഹെക്ടർ സ്ഥലത്തെ നെൽകൃഷിക്ക് ജലസേചനം ഒരുക്കുക ആയിരുന്നു ലക്ഷ്യം. എന്നാൽ ഈ പ്രദേശത്ത് നെൽകൃഷി കുറഞ്ഞതോടെ അണക്കെട്ടിന്റെ പ്രാധാന്യവും അപ്രസക്തമായി. അതോടെ ലക്ഷങ്ങൾ മുടക്കി നിർമിച്ച അണക്കെട്ട് ഉപയോഗശൂന്യമായി കിടക്കുകയാണ്. കുറച്ച് വർഷങ്ങൾക്കു മുമ്പ് സ്ഥലം ടൂറിസം ഉൾപ്പെടെ മറ്റേതെങ്കിലും ആവശ്യത്തിനു പ്രയോജനപ്പെടുത്താമോ എന്ന് വിദഗ്ധസമിതിയെ നിയോഗിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല.
ഡാമിലേക്കുള്ള സ്റ്റെപ്പുകൾ പൊളിഞ്ഞത് കാരണം മുകളിലേക്കെത്താൻ വളരെ സാഹസപ്പെടണം. പ്രവേശന സ്ഥലത്ത് സന്ദർശകർക്കുള്ള മുന്നറിയിപ്പ് ബോർഡ് കാണാം. ഡാമിൻറെ കൈവരികൾ തകർന്നതിനാലും അപകട സാധ്യത നിലനിൽക്കുന്നതിനാലും ഡാമിൻറെ മുകളിലേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്നു എന്നാണ് അറിയിപ്പ്.
വെട്ടത്തൂർ വഴി സഞ്ചരിക്കുന്ന ധാരാളം യാത്രക്കാരും കുടുംബങ്ങളും ഡാം സന്ദർശിക്കൽ പതിവാണ്. മഴക്കാലത്ത് പ്രത്യേകിച്ചും പാറക്കെട്ടിലൂടെ ഉയരത്തിൽ നിന്ന് വരുന്ന വെള്ളച്ചാട്ടം കാണാൻ നല്ല ഭംഗിയാണ്.
പരിസര പ്രദേശത്തെ ചില സ്‌കൂളുകളിലെ കുട്ടികളും അധ്യാപകരോടൊത്ത് ഡാമിൻറെ പരിസര ഭംഗി കാണാനെത്തുന്നുണ്ട്.
ഡാമിൻറെ ചോർച്ച കാരണം വെള്ളം കെട്ടിനിൽക്കുന്നില്ല.ഡാം അറ്റകുറ്റ പണി നടത്തുന്നതിനോ മറ്റു ജലസേചന സാദ്ധ്യതകൾ നടപ്പാക്കുന്നതിനോ അധികൃതർ ശ്രദ്ധിക്കുന്നില്ല. ജലസേചനം ലക്‌ഷ്യം വെച്ച് കനാൽ നിർമ്മിക്കുന്നതിന് വേണ്ടി ഡാമിൻറെ പരിസര പദേശങ്ങളിൽ അക്വയർ ചെയ്‌ത നിരവധി ഭൂമി പാഴായി കിടക്കുന്നുണ്ട്.
പ്രകൃതി രമണീയമായ ഡാം ഉൾകൊള്ളുന്ന പ്രദേശത്ത് വിനോദ സഞ്ചാര വികസനത്തിന് ധാരാളം സാധ്യതയുണ്ടെന്ന് പ്രദേശ വാസികൾ പറയുന്നു. നയനാന്ദകരമായ വെള്ളച്ചാട്ടവും പച്ചപ്പും സന്ദർശകരെ ഈ പ്രദേശത്തേക്ക് ധാരാളമായി ആകർഷിക്കുന്നുണ്ട്.
വെട്ടത്തൂർ പഞ്ചായത്തിലെ ടൂറിസം വികസനത്തിന് ഡാമും ചുറ്റു പ്രദേശവും ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രിക്ക് കഴിഞ്ഞ വർഷം ചില സംഘടകളും പൗരപ്രമുഖരും ചേർന്ന് നിവേദനം നൽകിയിരുന്നു.
മുഹമ്മദ് വെട്ടത്തൂർ
No comments:
Post a Comment